വത്തിക്കാൻ സിറ്റി: വിടവാങ്ങിയ പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. മാർപാപ്പ നിര്‍ദേശിച്ചതു പ്രകാരം ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാരച്ചടങ്ങ് നടക്കുക. മാർപാപ്പയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്.
മാര്‍പ്പാപ്പയുടെ ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങുന്ന ശനിയാഴ്ചവരെ പൊതുദര്‍ശനമുണ്ടായിരിക്കും. കബറടക്കം കഴിയുന്നതിനു പിന്നാലെ ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ ആരംഭിക്കും.
വിയോഗാനന്തരം തന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ കുറിപ്പ് വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയത്. അടക്കം ചെയ്യുന്ന പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയര്‍ന്ന പീഠത്തില്‍ വേണ്ട. ഫലകത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടത്. സൈപ്രസ്, ഓക്ക്, പുളി മരങ്ങള്‍ക്കൊണ്ട് മൂന്ന് അറകളുണ്ടാക്കി അതില്‍ കബറടക്കുന്ന പരമ്പരാഗത രീതിക്കും അദ്ദേഹം മാറ്റം വരുത്തി. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.