കാളികാവ് (മലപ്പുറം): കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കും. കാട്ടില്‍ തിരച്ചില്‍ നടത്താന്‍ കുങ്കിയാനകളെയും എത്തിച്ചു. 'കുഞ്ചു' എന്ന ആനയെയാണ് ഇന്ന് ദൗത്യത്തിനിറക്കുന്നത്. വെള്ളിയാഴ്ച 'പ്രമുഖ' എന്ന ആനയെയും എത്തിക്കും. കടുവകളെ പിടിക്കുന്ന ദൗത്യത്തില്‍ പ്രത്യേക പരിശീലനം നേടിയവയാണ് രണ്ട് ആനകളും.
വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുന്നത്. മൂന്ന് സംഘങ്ങള്‍ ദൗത്യത്തിനിറങ്ങുന്നുണ്ട്.
കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകള്‍ സ്ഥാപിക്കും. ഡ്രോണ്‍ സംഘം രാവിലെയെത്തും. വ്യാഴാഴ്ച രാത്രിയില്‍ത്തന്നെ കടുവയുടെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തും. പ്രദേശത്തുനിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. കടുവ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ് എന്നും വിലയിരുത്തുന്നു.
50 ആര്‍ആര്‍ടി സംഘവും ദൗത്യത്തിനെത്തി. ഇവര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെട്ട സംഘത്തിനൊപ്പം ചേരും. ആവശ്യമെങ്കില്‍ നാളെ കൂടുതല്‍ പേരെയെത്തിക്കും. ദൗത്യത്തില്‍ മൂന്ന് ഡോക്ടര്‍മാരുമുണ്ട്.