ആലപ്പുഴ: കോളറ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള എടത്വാ തലവടി സ്വദേശി പി.ജി. രഘു(48) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.30-ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രഘുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് വിവരം.
രക്തപരിശോധനയിൽ നേരത്തെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.മൃതദേഹം നിലവിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രാജി, മകൾ: ശിവ പാർവതി.