ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവും ജാവലിന്‍ താരവുമായ ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ വിലക്കിയത്.
ബെംഗളൂരുവിലെ അത്‌ലറ്റിക് മീറ്റില്‍ ജേതാവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മനു നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. 2023 ഏപ്രിലില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 81.91 മീറ്റര്‍ ദൂരം എറിഞ്ഞാണ് മനു ജേതാവായത്. മീഥൈല്‍ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇത് ഉപയോഗിക്കുന്നതായി മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.