മലയാളികളുടെ പ്രധാന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ആഴ്ചയിൽ ഒരുദിവസമെങ്കിലും വീടുകളിൽ ദോശ ഉണ്ടാക്കാറുണ്ട്. പലരും ദോശ ആവശ്യത്തിന് ഉണ്ടാക്കിയ ശേഷം ബാക്കി വന്ന മാവ് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ദോശമാവ് കളയുന്നതിന് പകരം നല്ല കിടിലൻ ഉണ്ണിയപ്പം അതുപയോഗിച്ച് ഉണ്ടാക്കിയാലോ?
ചേരുവകൾ
ദോശമാവ്
ഗോതമ്പ് പൊടി
തേങ്ങ
ശർക്കരപാനി
തയ്യാറാക്കുന്ന വിധം
ഉഴുന്ന് ഉപയോഗിക്കാതെയുള്ള അരിപ്പൊടി ഉപയോഗിച്ചുള്ള ദോശമാവ് വെച്ചാണ് ഇത് തയ്യാറാക്കുന്നത്. ഉണ്ണിയപ്പം തയ്യാറാക്കാൻ ആദ്യം ഒരു പാനിയിൽ വെള്ളമെടുത്ത് ശർക്കര ചേർത്ത് അലിയിച്ചെടുക്കാം. ശർക്കരപാനി തയ്യാറാക്കുന്ന സമയം കൊണ്ട് കുറച്ച് ജീരകം വറുത്ത് എടുക്കുക. ശേഷം ജീരകം നല്ലപോലെ പൊടിച്ച് എടുക്കണം. ശർക്കരപാനി റെഡിയായാൽ അത് ചൂടോടെ തന്നെ ദോശമാവിലേക്ക് ഒഴിക്കുക. രണ്ടും നല്ലപോലെ യോജിപ്പിക്കണം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ജീരകപൊടി, കുറച്ച് ഏലക്കപൊടി എന്നിവ ചേർക്കുക.ഇനി അതിലേക്ക് മെെദ കൂടി ചേർക്കുക. ദോശമാവിന്റെ അളവ് അനുസരിച്ച് മാവ് കട്ടിയാവാത്തവിധത്തിൽ വേണം മെെദ ചേർക്കാൻ. മെെദയ്ക്ക് പകരം ഗോതമ്പ് മാവും ഉപയോഗിക്കാം. ശേഷം ഈ മാവിലേക്ക് കുറച്ച് തേങ്ങ കഷ്ണങ്ങൾ നെയ്യിൽ വറുത്ത് ചേർക്കുക. ഈ മാവ് അടച്ച് ഒരുമണിക്കൂർ വയ്ക്കുക. അത് കഴിഞ്ഞ് ഉണ്ണിയപ്പചട്ടി വച്ച് അതിൽ എണ്ണ ഒഴിച്ച് ചൂടാക്കാം. എന്നിട്ട് മാവ് ഒഴിക്കുക.ശേഷം ഇത് അടച്ച് വയ്ക്കാം. പിന്നീട് ഉണ്ണിയപ്പം മറിച്ചിട്ട് പാകം ആവുമ്പോൾ ചട്ടിയിൽ നിന്ന് മാറ്റി ചൂടോടെ കഴിക്കുക.