ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അഭിവാജ്യഘടകമാണ് മൊബൈല്‍ ഫോണ്‍. അത് ഒഴിവാക്കിയുള്ള ജീവിതം അസാധ്യമെന്ന് പറയാം.സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കാനാണ് പലരും ഫോണ്‍ കൂടുതല്‍ സമയവും ഉപയോഗിക്കുന്നത്. അതില്‍തന്നെ സമയം കൊല്ലുന്നതില്‍ ഒന്നാമതാണ് റീല്‍സ് അടക്കമുള്ള ഷോര്‍ട്ട് വീഡിയോകള്‍. 2020-കളോടെയാണ് യൂട്യൂബ്, ഇൻസ്റ്റഗ്രാം അടക്കമുള്ളവയില്‍ ഷോർട്‌സ്/ റീൽസ് വീഡിയോകൾ അവതരിക്കപ്പെട്ടത്. 15 സെക്കന്റു മുതല്‍ 3 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കാണാന്‍ അധികം സമയം ചെലവഴിക്കേണ്ട എന്നത് വാസ്തമാണെങ്കിലും സമാന വീഡിയോകൾ സജഷനായി മണിക്കൂറുകളോളം നമ്മെ പിടിച്ചിരിത്തും. ഉറക്കം പോലുമില്ലാതെ റീല്‍സ് കണ്ട് സമയം കളയുന്നവര്‍ ധാരാളമുണ്ട്. സമയനഷ്ടം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇത്തരക്കാരെ കാത്തിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അമിതമായ സ്‌ക്രീന്‍ സമയം എല്ലാ പ്രായക്കാര്‍ക്കും ദോഷമാണ്. കണ്ണുകളുടെ ആരോഗ്യത്തെ വളരെ മോശമായാണ് ഇത് ബാധിക്കുന്നത്. നേത്രരോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. 2050 ആകുമ്പോഴേക്കും, ലോകജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ക്കും ഹ്രസ്വദൃഷ്ടി ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം കണ്ണുകളിലെ വരള്‍ച്ച- ഡ്രൈ ഐ സിന്‍ഡ്രോം , ഹ്രസ്വദൃഷ്ടി, കണ്ണില്‍ സമ്മര്‍ദ്ദം, കണ്ണിറുക്കല്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ കുത്തനെ വര്‍ധിച്ചതായാണ് പഠനത്തില്‍ പറയുന്നത്. പ്രത്യേകിച്ച് മണിക്കൂറുകളോളം റീലുകള്‍ കാണുന്ന കുട്ടികളില്‍. ദിവസവും മണിക്കൂറുകളോളം റീലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടികള്‍ക്ക് നേരത്തെയുള്ള ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്‌ക്രീനിലെ ബ്ലൂലൈറ്റ് മൂലമുണ്ടാകുന്ന തലവേദന, മൈഗ്രെയ്ന്‍, ഉറക്കത്തകരാറുകള്‍ എന്നിവ മുതിര്‍ന്നവരിലും കണ്ടുവരുന്നു. സാമൂഹിക ഒറ്റപ്പെടല്‍, മാനസിക ക്ഷീണം, വൈജ്ഞാനിക അമിതഭാരം എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നു.
'ആളുകള്‍ റീലുകളില്‍ വളരെയധികം മുഴുകി യഥാര്‍ത്ഥ ലോകത്ത്, ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ അവഗണിക്കുന്നത് ആശങ്കാജനകമാണ്. ഇത് കുടുംബ ബന്ധങ്ങള്‍ വഷളാകുന്നതിനും വിദ്യാഭ്യാസത്തിലും ജോലിയിലും ശ്രദ്ധ കുറയുന്നതിനും കാരണമാകുന്നു.' നേത്രരോഗവിദഗ്ദ്ധന്‍ഡോ. പാര്‍ത്ഥ ബിശ്വാസ് പറഞ്ഞു. കൃത്രിമ വെളിച്ചം, ദ്രുതഗതിയിലുള്ള ദൃശ്യങ്ങള്‍ എന്നിവ കണ്ണുകളെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഇത് 'റീല്‍ വിഷന്‍ സിന്‍ഡ്രോം' എന്ന് വിളിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.