അഴിയൂർ: അഴിയൂർ ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കഡറി സ്കൂളിന് സമീപം കുന്നോത്ത് അൻ സീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിൽ സമീപം താമസിക്കുന്ന തയ്യിൽ കൊട്ടി കൊല്ലന്റവിട ( ദറജയിൽ ) റിൻശയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ് മരിച്ചത്. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷനൽ സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂട്ടുകാരോടത്ത് കളി കഴിഞ്ഞു അഴിയൂരിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിക്കുകയായിരുന്നു. ബസ്സുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്നും അപകടമുണ്ടാക്കിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ബസ്സോടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുക്കണമെന്നും ലൈസൻസ് ആജീവനാന്തം റദ്ധാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സ്റ്റേഷൻ കസ്റ്റഡിയിലുള്ള ബസ് കോടതിയെ ഏൽപ്പിക്കണമെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് ചോമ്പാല പോലീസ് സ്റ്റേഷനിൽ മുസ്ലിംലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. മുസ്ലിം ലീഗ് നേതാക്കളായ യു എ റഹീം, ഇസ്മായിൽ പി പി, യൂസഫ് കുന്നുമ്മൽ, നവാസ് നെല്ലോളി, ഷാനിസ് മൂസ സാജിദ് നെല്ലോളി തുടങ്ങിയവർ സംബന്ധിച്ചു.