നമ്മൾ പ്രഭാത ഭക്ഷണമായും അത്താഴമായും ഉപയോഗിക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ചപ്പാത്തി. എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കാത്തതിനാൽ മിക്കവരും രാവിലെ ചപ്പാത്തിയോട് നോ പറയുകയാണ് പതിവ്. മാത്രമല്ല ചപ്പാത്തി മൃദുലമാകുന്നില്ല, രുചി കിട്ടുന്നില്ല എന്നുള്ള പരിഭവങ്ങളും ചിലർ പങ്കുവയ്ക്കാറുണ്ട്. നമ്മൾ അറിയാതെ ചെയ്യുന്ന ഒരു നിസാര കാര്യമാണ് ചപ്പാത്തിയുടെ രുചി കുറയാൻ കാരണമെന്ന് മിക്കവർക്കും അറിവുണ്ടായിരിക്കുകയില്ല.
അതിനാൽ തന്നെ ചപ്പാത്തി തയ്യാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.ചപ്പാത്തിയുണ്ടാക്കാൻ മാവ് കുഴച്ച് ചെറിയ ഉരുളകളാക്കുക. ശേഷം ആവശ്യത്തിന് മാത്രം പൊടി തൂത്ത് കനംകുറച്ച് പരത്തി എടുക്കാം. പരത്താൻ പൊടി കൂടുതൽ ഉപയോഗിച്ചാൽ ചപ്പാത്തിയുടെ രുചി കുറയും. പാൻ നന്നായി ചൂടായതിനുശേഷം മാത്രമേ ചപ്പാത്തി ചുട്ട് തുടങ്ങാൻ പാടുള്ളൂ. ചുടുമ്പോൾ അൽപം നെയ്യോ എണ്ണയോ തടവികൊടുത്താൽ രുചി കൂടും.കൈ കൊണ്ട് കുഴക്കുകയോ, ചപ്പാത്തിപ്പലകയിൽ വച്ച് പരത്തുകയോ ചെയ്യാതെ തന്നെ നല്ല മൃദുലമായ ചപ്പാത്തി ഉണ്ടാക്കാനും വഴിയുണ്ട്. മിക്സിയുടെ ജാറെടുത്ത് ആവശ്യത്തിന് ആട്ടപ്പൊടി ഇട്ടുകൊടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കണം. ഇളം ചൂടുവെള്ളമാണ് ചേർക്കേണ്ടത്. വളരെ കുറച്ച് നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണയും ചേർത്തുകൊടുക്കാം. ശേഷം മിക്സിയിൽ ഇത് ഒന്ന് കറക്കിയെടുക്കുക. വെള്ളം അധികമായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.പതിനഞ്ച് മിനിട്ട് അടച്ചുവയ്ക്കുക. ശേഷം ഇത് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പോലെ ചെറിയ ഉരുളകളാക്കി, പ്രസ് ചെയ്തുകൊടുക്കുക. ഇനി രണ്ട് പ്ലാസ്റ്റിക് കവറെടുക്കുക. ഇതിലേക്ക് കുറച്ച് എണ്ണ തൂകി, എല്ലായിടത്തും തേച്ചുകൊടുക്കാം. പ്ലാസ്റ്റിക് കവറുകളിലൊന്ന് നിലത്ത് വിരിക്കുക. അതിനുമുകളിൽ ഉരുട്ടിവച്ചിരിക്കുന്ന ആട്ടപ്പൊടി വയ്ക്കുക. ശേഷം രണ്ടാമത്തെ കവർ അതിനുമുകളിൽ വയ്ക്കുക. എന്നിട്ട് ഒരു സ്റ്റീൽ പ്ലേറ്റ് വച്ച് നന്നായി പ്രസ് ചെയ്യുക. ഇനി പ്ലാസ്റ്റിക് കവറിൽ നിന്നെടുത്ത്, പാനിൽവച്ച് ചപ്പാത്തി ചുട്ടെടുക്കാം.