തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പ്രതികരിച്ചു.
'എന്നെ അല്പമെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാന്‍ അവരോട് പറയും, 'അത് വിട്ടുകളയൂ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ' എന്ന്', വിജയ് സേതുപതി പറഞ്ഞു.
'ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദപ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല', വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.