വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർജാമ്യം ലഭിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിഷം ഉള്ളിൽചെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷററും മകനും മരിച്ചത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ അറിവോടെ പാർട്ടിക്കായി പണം വാങ്ങിയെന്നും, എന്നാൽ നിയമനം നടക്കാതെ വന്നപ്പോൾ, ബാധ്യത മുഴുവൻ തന്റെ തലയിലായി എന്നുമാണ് എൻ എം വിജയൻ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.