വയനാട്: ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പൻ ഫാമിലിഗ്രൂപ്പിലുള്ളവരാണ് മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല എന്നുപറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.
കഴിഞ്ഞ കുറച്ചുനാളായി വയനാട്ടിലെ കോൺഗ്രസിൽ ഐസി ബാലകൃഷ്‌ണൻ- എൻ ഡി അപ്പച്ചൻ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇരു നേതാക്കളും തമ്മിൽ തർക്കിക്കുന്ന ഓഡിയോ കോൾ സന്ദേശം മുൻപ് പുറത്തുവരികയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഇന്ന് അനിഷ്‌ട സംഭവം ഉണ്ടായിരിക്കുന്നത്.എൻ ഡി അപ്പച്ചന്റെ അടുപ്പക്കാരനാണ് മുള്ളൻകൊല്ലിയിൽ മണ്ഡലം പ്രസിഡന്റായിരിക്കുന്നത് എന്നകാര്യം ചൂണ്ടിക്കാട്ടി കെ എൽ പൗലോസ് ഗ്രൂപ്പും ഐ സി ബാലകൃഷ്‌ണൻ ഗ്രൂപ്പും എതിർപ്പുന്നയിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.