കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി പത്താം ദിവസത്തിലേക്ക് കടന്നതോടെ സമരം ഏറ്റെടുത്ത് കോൺഗ്രസ്. ഞായറാഴ്ച രാവിലെ എട്ട് മുതൽ 24 മണിക്കൂർ കോഴിക്കോട് എം.പി എം.കെ രാഘവൻ മെഡിക്കൽ കോളേജ് ആശിപത്രിക്ക് മുമ്പിൽ ഉപവാസ സമരം നടത്തും. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധമാണ് നടത്തുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലയിലെ രണ്ട് മന്ത്രിമാരും വിഷയത്തിൽ ഇടപെടുന്നില്ല, ഇരുവരും മരുന്ന് പ്രതിസന്ധി അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നും എം.കെ രാഘവൻ പറഞ്ഞു. ആശുപത്രി വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ ആശുപത്രി സന്ദർശിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും സ്വകാര്യ ആശുപത്രിയികളെ സഹായിക്കാനാണ് മെഡിക്കൽ കോളേജിനെ പ്രതിസന്ധിയിലാക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.സെപ്തംബർ വരെയുള്ള കുടിശ്ശിക ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് മരുന്ന് കമ്പനികൾ മരുന്ന് വിതരണം നിർത്തിയത്. പ്രശ്നം പരിഹരിക്കാൻ മരുന്ന് കമ്പനികളുമായി ആരോഗ്യവകുപ്പ് ഇതുവരെ ചർച്ച നടത്താൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് കോൺഗ്രസ് സമരത്തിലേക്ക് കടക്കുന്നത്.