തൃശ്ശൂര്‍: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവിനെ സസ്പെൻഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷിനെ (വിജീഷ് വെട്ടത്ത്) പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതത്. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്.
'പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാല്‍ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടുകൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു', എന്നാണ് പാര്‍ട്ടി പ്രസ്താവന. ഹര്‍ജിക്ക് പിന്നാലെയുള്ള സംഘടനാ നടപടി, ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടതിനാണോ എന്ന് ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമല്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് വ്യക്തമാക്കി.