ഡൽഹി: കേന്ദ്ര-സംസ്ഥാന ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി സർക്കാരിന്റെ ഭരണത്തിൽ വ്യവസായ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തന്റെ ലേഖനത്തിൽ തരൂർ പുകഴ്‌ത്തിയിരുന്നു
സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ 'ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗർ' എന്ന ലേഖനത്തെയാണ് വി ഡി സതീശൻ വിമർശിച്ചത്. കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നും ഏത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ശശി തരൂർ ലേഖനം എഴുതിയതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമാണ് തരൂരിന്റെ ലേഖനത്തിൽ പറയുന്നത്.കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിൽ പുതിയതായി മൂന്ന് ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. ഏതാണ് കേരളത്തിലെ മൂന്ന് ലക്ഷം സംരംഭങ്ങളെന്ന് താൻ അദ്ദേഹത്തോട് അത്ഭുതത്തോടെ ചോദിച്ചു. അങ്ങനെയെങ്കിൽ കേരളത്തിൽ ശരാശരി രണ്ടായിരം സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടാവില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.