തൃശൂര്‍: പൂരം കലക്കല്‍ അന്വേഷണത്തില്‍ റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആർ.അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭാ സമ്മേളനം നടന്നുവരികയാണെന്നും അതുകഴിഞ്ഞശേഷം മൊഴിയെടുക്കാനുള്ള സമയം അനുവദിക്കാമെന്നാണ് മന്ത്രി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡിജിപി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എം.ആർ. അജിത് കുമാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനി എം.ആർ. അജിത്കുമാറിന്റെയും മന്ത്രി കെ. രാജന്റെയും മൊഴികൂടിയാണ് എടുക്കാൻ ബാക്കിയുള്ളത്. ഇതിനുശേഷം അന്വേഷണറിപ്പോർട്ട് സമർപ്പിക്കും.നേരത്തേ തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയിരുന്നു.