ന്യൂഡൽഹി: സിനിമാ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ അടുത്തിടെ വ്യാപകമായി പ്രചരിച്ചത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ ഡീപ് ഫേക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷവും ഡീപ് ഫേക്കുകൾ തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. നടി പ്രിയങ്ക ചോപ്രയുടെ ഡീപ് ഫേക്ക് വീഡിയോയാണ് അവസാനമായി പുറത്തുവന്നത്. പ്രിയങ്ക ഒരു ഉൽപ്പന്നത്തിന്റെ പ്രമോഷൻ നടത്തുന്നതായാണ് വീഡിയോ.
രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട് എന്നിവരുടെ ഡീപ് ഫേക്കുകളാണ് ഇതിനു മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. മറ്റു സ്ത്രീകളുടെ വീഡിയോയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടിമാരുടെ മുഖം എഡിറ്റ് ചെയ്തായിരുന്നു ഈ വീഡിയോകൾ തയാറാക്കിയത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി പ്രിയങ്ക ചോപ്രയുടെ യഥാർഥ വീഡിയോയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശബ്ദം കൃത്രിമമായി തയാറാക്കിയ ശേഷം വീഡിയോയിലേക്ക് എഡിറ്റ് ചെയ്യുകയായിരുന്നു. ചുണ്ടുകളുടെ ചലനങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുത്തു. ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വാർഷിക വരുമാനത്തേക്കുറിച്ച് പ്രിയങ്കാ ചോപ്ര പറയുന്നതായാണ് വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ മുഖം മോർഫ് ചെയ്താണ് ആലിയ ഭട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചത്. വസ്ത്രം മാറുന്നതായുള്ള വീഡിയോയാണ് കജോളിന്റേത് എന്ന പേരിൽ പുറത്തുവന്നത്. ടൈഗർ 3 സിനിമയിലെ സംഘട്ടന രംഗം എഡിറ്റ് ചെയ്ത് മോശമാക്കിയാണ് കത്രീനയുടെ ഡീപ് ഫേക്ക് പുറത്തുവന്നത്. മോഡലായ പെൺകുട്ടിയുടെ വീഡിയോയാണ് രശ്മികയുടേതായി പ്രചരിപ്പിച്ചത്. രശ്മികയുടെ കേസിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വീഡിയോകൾ നിർമിച്ചവരിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.