കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കാന്തപുരം എപി അബൂബക്കർ മുസ്ലിയരുടെ ഇടപെടലിൽ പ്രതീക്ഷ. യെമനിലെ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് നിർണായകമായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുനയപാതയിലായെന്നാണ് വിവരം.
തലാലിന്റെ കുടുംബവുമായി ഇന്നും ചർച്ച നടത്തും. തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിട്ടുണ്ട്.വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന് അനൗദ്യോഗിക വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വിഷയത്തിൽ കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി.