ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉർവശി - പാർവതി ചിത്രം ഉള്ളൊഴുക്കിനെ റിലീസ് ദിനം മുതൽക്കേ എല്ലാവരും പ്രശംസിക്കുകയാണ്. ഇപ്പോഴിതാ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആർ ബിന്ദുവും ഉള്ളൊഴുക്കിനെ പ്രശംസിച്ചിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മന്ത്രി ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്.
പുതുമയുള്ള പ്രമേയത്തെയും കയ്യടക്കത്തോടെയുള്ള പരിചരണത്തെയും അഭിനേതാക്കളുടെ മിന്നും പ്രകടനത്തെയും മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചിരിക്കുകയാണ്. “കുടുംബം” എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം“ തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്ന് മന്ത്രി എഴുതി.
'നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ. മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ച്ചക്കായി വെക്കേണ്ട പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട്, ചിത്രം.മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്.' ആർ.ബിന്ദുവിന്റെ വാക്കുകൾ ഇങ്ങനെ.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്.