തിരുവനന്തപുരം: രാജ്യാന്തരതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയവയും ബോക്‌സ്ഓഫീസില്‍ കോടികള്‍ കിലുക്കിയവയും ഉള്‍പ്പെടെ 2024-ലെ 128 സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്കുമുന്നിലേക്ക്. പ്രാഥമിക ജൂറി, സിനിമകള്‍ കണ്ടുതുടങ്ങി.
കാന്‍മേളയില്‍ പാംദിയോര്‍ നേടി അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയ 'ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്', മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഭാവവുമായെത്തിയ 'ഭ്രമയുഗം', മോഹന്‍ലാല്‍ സംവിധായകകുപ്പായമണിഞ്ഞ 'ബറോസ്', 'മലൈക്കോട്ടെ വാലിബന്‍', മലയാളത്തില്‍നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയ 'മഞ്ഞുമ്മല്‍ ബോയ്സ്', പുതുതലമുറയുടെ ഇഷ്ടചിത്രമായി മാറിയ 'പ്രേമലു', ക്രൂരത ഏറിപ്പോയി എന്ന വിമര്‍ശനം കേട്ടിട്ടും വന്‍ ഹിറ്റായ 'മാര്‍ക്കോ', ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'ഫെമിനിച്ചി ഫാത്തിമ'... എന്നിങ്ങനെ നീളുന്നു സിനിമകള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, വിജയരാഘവന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ മികച്ചനടനുള്ള മത്സരത്തിലുണ്ട്. കനി കുസൃതി, അനശ്വരാ രാജന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്‍സ്പേഴ്സണ്‍ ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്‍പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്‍പേഴ്സണ്‍മാര്‍ ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ് രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.