ഹൈദാരാബാദ്: തെലങ്കാനയിലെ സിപിഐ നേതാവും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ചന്ദു റാത്തോഡ് (47) വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദിലെ ശാലിവാഹന നഗര്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെയാണ് ചന്ദു റാത്തോഡിന് വെടിയേറ്റത്.
രാവിലെ 7:30 ഓടെ അക്രമികള്‍ മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയാണ് ആക്രമണം നടത്തിയത്. നടന്നുപോകുന്നതിനിടെ ചന്ദുവിനുനേരെ മുളക് പൊടി വിതറുകയും തുര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആക്രമണത്തില്‍ മൂന്നോ, നാലോ ആളുകള്‍ പങ്കെടുത്തതായി സ്ഥലം പരിശോധിച്ച ഹൈദരാബാദ് ഡെപ്യൂട്ടി കമ്മിഷണര്‍ (സൗത്ത് ഈസ്റ്റ് സോണ്‍) എസ് ചൈതന്യ കുമാര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. ഇവയെ അടിസ്ഥാനമാക്കി, വെടിവെപ്പില്‍ ഒരു ആയുധം മാത്രമാണ് ഉപയോഗിച്ചതെന്നാണ് കരുതുന്നതെന്ന് ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അക്രമികള്‍ വന്ന കാറിന്റെ റൂട്ടുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പഴയ വൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.