തിരുവനന്തപുരം: കേരളത്തിന്റെ മാറ്റത്തെ പ്രകീർത്തിച്ച് ശശി തരൂർ. കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും ശശി തരൂർ എം.പി. വിശേഷിപ്പിക്കുന്നു. കേരളം അകപ്പെട്ടിരിക്കുന്ന സ്തംഭനാവസ്ഥയിൽനിന്ന് കരകയറാൻ സാമ്പത്തിക പരിവർത്തനം അനിവാര്യമാണെന്നും എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഈ മാറ്റത്തെ അംഗീകരിക്കുമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും തരൂർ പറയുന്നുണ്ട്.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സർക്കാരിന്റെ ഭരണത്തിൽ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തുന്നത്.
സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തിൽ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സർവേയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണ്.
2021 ജൂലായ് ഒന്നിനും 2023 ഡിസംബർ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാർട്ടപ്പ് രംഗം 254 ശതമാനം വാർഷികവളർച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. ‘രണ്ടോ മൂന്നോ വർഷം മുൻപുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാൻ മൂന്നുദിവസം മതിയാവുമ്പോൾ ഇന്ത്യയിൽ 114 ദിവസവും കേരളത്തിൽ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുൻപ് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് കേരളത്തിൽ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാൻ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കിൽ ആശ്ചര്യകരമായ മാറ്റമാണ്’-തരൂർ വിവരിക്കുന്നു. കേരളത്തിൽ അനുമതികൾ അവിശ്വസനീയ വേഗത്തിലാണ് നൽകുന്നതെന്നത് യാഥാർഥ്യമാണെന്നും തരൂർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.