തിരുവനന്തപുരം: സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നൽകി പരാതിക്കാരിയായ നടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിർണായകമൊഴിയാണ് നടി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നൽകിയത്.