രോഹിത് ഷെട്ടി ചിത്രമായ സിങ്കം എഗെയ്ന്റെ ചിത്രീകരണത്തിനിടെ നടൻ അജയ് ദേവ് ഗണ്ണിന് പരിക്ക്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഡോക്ടറെത്തി, ആവശ്യമായ ചികിത്സ നൽകിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മുംബൈയിലെ വൈൽ പാർലെയിലെ ഗോൾഡൻ ടുബാക്കോ ഫാക്ടറിയില്‍ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കണ്ണിന് പരിക്കേൽക്കുന്നത്. സംവിധായകൻ രോഹിത് ഷെട്ടിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തെ കുറിച്ച് അണിയറപ്രവർത്തകർ പറഞ്ഞത് ഇങ്ങനെ; 'സംവിധായകൻ രോഹിത് ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ആക്ഷൻ രംഗം ചിത്രീകരിക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ ടൈമിങ് തെറ്റി, ഇടി മാറി അജയ് ദേവ്ഗണ്ണിെന്റെ കണ്ണിൽ കൊണ്ടു. ഉടൻ തന്നെ ഡോക്ടർ എത്തി. ആവശ്യമായ വൈദ്യസഹായം ചെയ്തു. ഇപ്പോൾ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. രോഹിത് ഷെട്ടി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് സിങ്കം എഗെയ്ൻ. ചിത്രത്തിൽ ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുണ്ട്. ദീപികയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടൈഗർ ഷ്രോഫും ചിത്രത്തിന്റെ ഭാഗമാണ്. സൂര്യവംശിയായി അക്ഷയ് കുമാർ, സിംബയായി രൺവീർ സിങ് എന്നിവരും ചിത്രത്തിൽ എത്തും. പ്രതിനായകനായി അർജുൻ കപൂർ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.