പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. തിങ്കളാഴ്ച 6.30-ഓടെ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗൽ പ്രശസ്തനായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.
1934 ഡിസംബർ 14-ന് ഹൈദരാബാദിൽ, ഒരു കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ശ്യാം ബെനഗൽ ജനിച്ചത്. കർണാടക സ്വദേശിയായ അദ്ദേഹത്തിൻ്റെ പിതാവ് ശ്രീധർ ബി. ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. വെറും 12 വയസ്സുള്ളപ്പോൾ, അച്ഛൻ സമ്മാനിച്ച ക്യാമറ ഉപയോഗിച്ചാണ് ശ്യാം തൻ്റെ ആദ്യ സിനിമ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ചാണ് സിനിമയിലെ തൻ്റെ മഹത്തായ യാത്രയുടെ തുടക്കം കുറിക്കുന്നത്.
1959-ൽ ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്റർ ആയിട്ടാണ് ബെനഗലിന്റെ ജോലിയുടെ തുടക്കം. ക്രമേണ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് തലവനായി ഉയർന്നു. 1962-ൽ ആദ്യ ഡോക്യുമെന്ററി ചിത്രം നിർമിച്ചു. അദ്ദേഹത്തിന്റെ ഫീച്ചർ ചിത്രമിറങ്ങാൻ പിന്നെയും ഒരു ദശാബ്ദമെടുത്തു. 1963-ൽ കുറച്ചു കാലം മറ്റൊരു പരസ്യകമ്പനിയുമായി ജോലിചെയ്തു. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു.
1966 മുതൽ 1973 വരെയുള്ള കാലത്ത് ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യപകനായി സേവനമനുഷ്ടിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി രണ്ട് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. 1974-ലാണ് ആദ്യത്തെ ഫീച്ചർ ഫിലിം അങ്കുർ പുറത്തിറങ്ങുന്നത്. തുടർന്ന് നിഷാന്ത്, ഭൂമിക, മന്ഥൻ, മേക്കിങ് ഓഫ് ദി മഹാത്മ, നേതാജി സുഭാഷ് ചന്ദ്രബോസ്- ദി ഫോര്‍ഗോട്ടണ്‍ ഹീറോ, സമര്‍ തുടങ്ങി ചരിത്രത്തില്‍ ഇടംനേടിയ ഒരുപിടി ചിത്രങ്ങള്‍. മിക്ക ചിത്രങ്ങൾക്കും ദേശീയ- അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചു.