കൊച്ചി: മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ഏപ്രിൽ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ സിനിമയാണ് തുടരും.
അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. സസ്‌പെൻസുകൾ നിറഞ്ഞ ചിത്രമാകും 'തുടരും' എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. തന്റെ കറുത്ത അംബാസഡർ കാറും ഷണ്മുഖവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.മോഹൻലാലും ശോഭനയും 20 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രമാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. ഫാമിലി ഡ്രാമ ഗണത്തിൽപെടുന്ന തുടരും സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ആർഷ ചാന്ദ്‌നി, ബൈജു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.