സുന്ദരമായ മുഖത്തോടെയും പുഞ്ചിരിയോടെയുമെത്തി പിന്നീടങ്ങോട്ട് ക്രൂരവില്ലനായി തകര്‍ത്താടുകയായിരുന്നു തുടരുമിലെ ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം, ലാലേട്ടനൊപ്പം കട്ടക്ക് എതിര്‍നില്‍ക്കാന്‍ കഴിയുന്ന പ്രതിനായകന്‍. ചിത്രം തീരുമ്പോള്‍ നിങ്ങള്‍ക്ക് ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ തോനുന്നില്ലേ? അതുതന്നെയാണ് ആ നടന്റെ വിജയവും. നിസ്സംശയം പറയാം, മലയാള സിനിമ അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ കണ്ടെത്തലാണ് ഈ നടന്‍.ട്രെയിലറില്‍ പോലും മുഖം കാണിക്കാതെ സര്‍പ്രൈസായിട്ടാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ആ കഥാപാത്രത്തെ കൊണ്ടുവന്നത്.
ടിക്കറ്റ് വില്‍പ്പനയില്‍ തരംഗം തീര്‍ത്ത്, 'തുടരും' സിനിമ മുന്നേറുമ്പോള്‍, ഗൂഗിളിലടക്കം ഏറ്റവും കൂടുതല്‍ സേര്‍ച്ചുകള്‍ വരുന്നത്, ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ 'വെറുപ്പിക്കുന്ന' സിഐ ജോര്‍ജ് മാത്തനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയെക്കുറിച്ചാണ്.ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്.പരസ്യനിർമാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ് നിർവാണ. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്നാണ് തുടങ്ങുന്നത്. ഹച്ചിനുവേണ്ടി നിർവാണ ചെയ്ത നായക്കുട്ടിയും വോഡഫോണിനുവേണ്ടി ചെയ്ത സൂസു സിരീസും ജനപ്രിയങ്ങളായ പരസ്യങ്ങളായിരുന്നു. വോഡഫോണിന്റെ 'സൂസു' പരസ്യങ്ങള്‍, ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്' പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറി മിൽക്കിനും,ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴയില്‍ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.