മലപ്പുറം: വിവരാവകാശനിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകനോട് ഇന്ത്യൻ പൗരത്വം തെളിയിക്കണമെന്നു ജലഅതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് കാര്യാലയം. ജലഅതോറിറ്റിയുടെ കീഴിൽ താനൂർ നഗരസഭയിൽ പൈപ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, ദേശീയ വിവരാവകാശ കൂട്ടായ്മാ അംഗം എം.സിദ്ദിഖ് നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണു പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
‘മറുപടി തയാറാക്കിയിട്ടുണ്ടെന്നും അതു സ്വീകരിക്കാൻ പൗരത്വം തെളിയിക്കുന്ന രേഖകൾ സഹിതം ഓഫിസിലെത്തണമെന്നും’ സൂപ്രണ്ടിങ് എൻജിനീയറിങ് കാര്യാലയത്തിലെ പൊതുഅധികാരി കഴിഞ്ഞ 20ന് നൽകിയ മറുപടിയിൽ പറയുന്നു. അപേക്ഷയിലെ ഒപ്പ് പേപ്പർ കട്ടിങ് ആണെന്ന കാരണത്താലാണ് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടതെന്നു സിദ്ദിഖ് പറഞ്ഞു.എന്നാൽ വിവരാവകാശനിയമം 6 (2) പ്രകാരം ഒരു കാരണവശാലും അപേക്ഷകനെ ബന്ധപ്പെടാൻ വേണ്ടിയുള്ള വിവരങ്ങൾ (വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ ഒഴികെ) വേറെയൊന്നും ആവശ്യപ്പെടാൻ പാടില്ല.
അപേക്ഷകൾ ഇ–മെയിൽ വഴിയും ഡിജിറ്റൽ മാതൃകയിലും അയയ്ക്കുമ്പോൾ കടലാസിൽ ഒപ്പുണ്ടോ എന്നു പോലും നോക്കേണ്ടെന്നും സിദ്ദിഖ് പറയുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്ത ജില്ലാ ജലഅതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ മറുപടി ദുരൂഹമാണ്. താനൂർ പൈപ്‌ലൈൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടു വ്യാപകമായി അഴിമതി ആരോപണം ഉയർന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണു നിജസ്ഥിതി അറിയാൻ വേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മറുപടിക്കെതിരെ വിവരാവകാശ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.