കൊച്ചി: ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. എക്സെെസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹർജിയിൽ പറയുന്നത്. അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹെെക്കോടതി പരിഗണിക്കും.
ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായ കേസിൽ അന്വേഷണം എക്സെെസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കെെമാറിയിരുന്നു. ഈ കേസിൽ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചില സിനിമ താരങ്ങളുമായി ബന്ധപ്പെട്ട സൂചന ലഭിക്കുന്നത്. ഈ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സെെസ് അറിയിച്ചിരുന്നു.പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്. എക്സെെസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം നടക്കുന്നത്. കോടികൾ വിലമതിക്കുന്ന ഹെെബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്.