കൊച്ചി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായിരുന്ന തൃശ്ശൂര്‍ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്. നേരത്തേ വിചാരണക്കോടതി വെറുതേവിട്ട അഞ്ചുപ്രതികളെയും ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അഞ്ചുപ്രതികള്‍ക്കും ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കല്‍ എം.എസ്. ഋഷികേശ്, പടിയം കൂട്ടാല വീട്ടില്‍ കെ.യു. നിജില്‍ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കില്‍ രശാന്ത്, താന്ന്യം വാലപറമ്പില്‍ വി.പി. ബ്രഷ്നേവ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കേസിലെ 10 പ്രതികളെയും വെറുതേവിട്ട തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാരും ദീപക്കിന്റെ ഭാര്യ വര്‍ഷയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ചുപ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് ജേബിന്‍ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. മുഖംമൂടി ധരിച്ച് നടത്തിയ ആക്രമണമായിരുന്നതിനാല്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതികളെ വെറുതേ വിട്ടത്. എന്നാല്‍, തെളിവുകള്‍ ശരിയായി പരിശോധിക്കാതെയും അനാവശ്യമായ കാര്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.ആറുമുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇവരെ കുറ്റവിമുക്തരാക്കിയത് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
പെരിഞ്ഞോട്ടുകര മൂത്തേടത്തറ തറയില്‍ ശിവദാസന്‍, മുറ്റിച്ചൂര്‍ പടിയം മാമ്പുള്ളി രാഗേഷ്, ചാഴൂര്‍ എസ്.എന്‍.റോഡ് കുരുതുകളങ്ങര കെ.എസ്. ബൈജു, കരാഞ്ചിറ മുനയം വിയ്യത്ത് സരസന്‍, സനന്ദ് എന്നിവരെയാണ് വെറുതേ വിട്ടത്. സര്‍ക്കാരിനായി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.യു. നാസര്‍ ഹാജരായി.2015 മാര്‍ച്ച് 25-ന് രാത്രി തൃശ്ശൂര്‍ പഴുവില്‍ വെച്ചാണ് ദീപക് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു.പഴുവില്‍ റേഷന്‍കടയും ഉണ്ടായിരുന്നു. ദീപക് കടയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികള്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.