കോഴിക്കോട്: നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ എത്തുന്നവര്‍ക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വരുന്ന നോമ്പുകാലത്ത് രാമനാട്ടുകര മുതല്‍ എടപ്പാള്‍വരെ യാത്രചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസിലാക്കാമെന്നും ഫിറോസ് പറഞ്ഞു.
നോമ്പുകാലത്ത് ജില്ലയില്‍ കടകള്‍ തുറക്കാത്തത് കച്ചവടം കുറയുന്നതുകൊണ്ടാണ്. ഈ കാലയളവില്‍ കച്ചവടം കൂട്ടാന്‍ സുരേന്ദ്രന്‍ ബിജെപിക്കാരോട് മലപ്പുറത്തേക്ക് പോവാന്‍ പറയട്ടെ എന്നും ഫിറോസ് പരിഹസിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നുണപറയുകയാണ്. സ്ഥാനം നഷ്ടപ്പെട്ടതിലെ നിരാശയാണോ ഇതിനുപിന്നില്‍ എന്ന് വ്യക്തമല്ല. അത് എന്തുതന്നെയായാലും നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.