കോഴിക്കോട്: മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന എ.എ. റഹീമിന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ് കെ.എം. ഷാജി. മുഖ്യമന്ത്രിയെ പറയാൻ ഏത് കോഴ്സാണ് പഠിക്കേണ്ടത്. മുഖ്യമന്ത്രി എന്ന ആന കുത്തിയിട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞ് വീഴുന്നതെന്നും കെ.എ ഷാജി പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി.
"മുഖ്യമന്ത്രിയെ പറയാൻ ഷാജി ആയിട്ടില്ലെന്നാണ് റഹീം പറയുന്നത്. അതിന് ഏത് കോഴ്സാ പഠിക്കേണ്ടത്, ഏത് കോളേജിലാ പോകേണ്ടത്. എങ്ങിനെയാണ് അത് പറയാനുള്ള അവസരമെന്ന് റഹീം പറഞ്ഞുതന്നാൽ കൊള്ളാം. കാരണം, അത് റഹീമിന് മനസ്സിലാകുന്ന കാര്യങ്ങൾ ആണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്".
കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും പേരക്കുട്ടിയും വരെ യാത്രചെയ്യുന്നത്. നാടിന്റെ ചെലവിലാണ് യാത്രയെങ്കിൽ ആ മുഖ്യമന്ത്രിയെ ജനാധിപത്യ രീതിയിൽ വിമർശിച്ചിരിക്കുമെന്നും ഷാജി പറഞ്ഞു.