മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പലരീതിയിലുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി മോഹന്‍ലാല്‍. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചെന്നൈയില്‍ 'എമ്പുരാന്‍' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച് പ്രതികരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ പ്രതികരിച്ചത്.