ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലിൻ്റെയും ദിവ്യ ശ്രീധറിൻ്റെയും വിവാഹം കഴിഞ്ഞത് വലിയ വാർത്തയായിരുന്നു.അതിനു പിന്നാലെ ഇരുവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണവും വലിയ ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ. മറ്റുള്ളവരുടെ ജീവിതത്തിൽ കപടസദാചാരബോധം അഴിച്ചുവിടാനുള്ള ഒരു വിഭാഗത്തിന്റെ സ്ഥിരം വ്യഗ്രത തന്നെയാണ് ക്രിസും ദിവ്യയും അഭിമുഖീകരിക്കേണ്ടി വന്നത്. നാൽപത്തിയൊൻപതുകാരനായ ക്രിസിൻ്റെയും നാൽപതുകാരിയായ ദിവ്യയുടെയും വിവാഹത്തിനു പിന്നാലെ അറുപതു കഴിഞ്ഞ കിളവൻ നാൽപതുകാരിയെ വിവാഹം കഴിച്ചുവെന്നും ഈ പ്രായത്തിൽ കല്യാണം കഴിച്ചത് മറ്റു പലതിനുമാണ് എന്നിങ്ങനെ അറപ്പുതോന്നുന്ന രീതിയിലായിരുന്നു പ്രചാരണം.ക്രിസിൻ്റെ നരച്ച താടിയും മുടിയുമായിരുന്നു അറുപത് കഴിഞ്ഞ വൃദ്ധനാണ് എന്ന് പറയാനുള്ള കാരണം.
'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല, എന്റെ സഹോദരി വഴി ആലോചിച്ച വിവാഹമാണ്. എന്റെ മോളോടാണ് ആദ്യം പറഞ്ഞത്. ആദ്യം അറിയേണ്ടത് എന്റെ മക്കളുടെ താത്പര്യമായിരുന്നു. ഒന്നും ചിന്തിക്കാതെ തന്നെ അവള്‍ ഓക്കെ പറഞ്ഞു. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യത്തേത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല. രണ്ടാമത്തേത് അങ്ങനെയാവരുത് എന്നുള്ളത് കൊണ്ട് വീട്ടുകാരോട് പറഞ്ഞ് ജാതകം നോക്കിയാണ് കല്യാണം കഴിച്ചതും. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. 18-ാം വയസ്സിലായിരുന്നു ആദ്യവിവാഹം. 32-ലാണ് വിവാഹമോചനം. എന്റെ ഒരു നല്ല പ്രായം മുഴുവന്‍ അടിയും ചീത്തയും കേട്ടാണ് നിന്നത്. ആ ജീവിതം ആര്‍ക്കും അറിയണ്ട. ഞാന്‍ അറുപത് വയസ്സുള്ള ആളെ കെട്ടിയെന്നതാണ് ആളുകളുടെ പ്രശ്‌നം. ഏട്ടന്‍ ആരാണെന്നും പുള്ളി ചെയ്തത് എന്താണെന്നുമറിയാത്തവരാണ് കിളവന്‍ എന്ന് പറയുന്നത്. സെക്‌സിനു വേണ്ടിയാണ് വിവാഹം കഴിച്ചത് എന്ന് വരെയായിരുന്നു കമൻ്റുകൾ. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്. ഞാൻ സെക്സിനു വേണ്ടിയല്ല വിവാഹം കഴിച്ചത്. എൻ്റെ മക്കൾക്ക് ഒരച്ഛനെ വേണമായിരുന്നു, അവരുടെ ജീവിതം സുരക്ഷിതമാക്കണമായിരുന്നു. ഇവരൊക്കെ ഇതിനുവേണ്ടി ജീവിക്കുന്നവരാണെന്ന് തോന്നിപ്പോവും. അതില്ലെങ്കിലും ജീവിക്കാന്‍ കഴിയില്ലേ. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം. അവര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലേ. നാലാളുകള്‍ അറിയുന്നതിന് പകരം ഇത്രയും പേര് ചര്‍ച്ച ചെയ്തില്ലേ ഞങ്ങളുടെ വിവാഹം. അതില്‍ അഭിമാനം കണ്ടെത്തുകയാണ് ഞാന്‍, ദിവ്യ പറഞ്ഞു.
ക്രിസിനുമുണ്ട് വിവാഹത്തെക്കുറിച്ച് തന്റേതായ വിശദീകരണം. 'ഫിസിക്കല്‍ ഇന്റിമസിക്ക് വേണ്ടി ഞാന്‍ ഒരു നടിയെ വളച്ചെടുത്തു എന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം. അതിനു വിവാഹം കഴിക്കേണ്ട കാര്യമില്ല. കൊല്‍ക്കത്തയിലും ബോംബെയിലുമൊക്കെ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്. കല്യാണം കഴിക്കുക എന്നാല്‍ മക്കളുടെ അച്ഛനാവുക, ഭാര്യയ്ക്ക് ഭര്‍ത്താവാകുക, കുടുംബത്തെ നന്നായി നോക്കുക, എന്റെ അച്ഛനുമമ്മയ്ക്കും മരുമകളായി നല്ലൊരു കുട്ടിയെ കൊടുക്കുക. അവരുടെ വീട്ടില്‍ നല്ലൊരു മകനാകുക.'- ക്രിസ് പറയുന്നു.'നമ്മുടെ സമൂഹത്തില്‍ ലൈംഗികവൈകൃതം സാധാരണമാണ്. ഭാര്യയും മക്കളുമുള്ളവര്‍ വരെ അങ്ങനെ ചിന്തിക്കുന്നു. അത് രോഗമാണെന്ന് തിരിച്ചറിയാത്തവരാണ്. അഭിനേതാക്കൾ, മീഡിയ, മോഡല്‍ എന്നൊക്കെ പറയുന്നത് ആര്‍ക്കും എന്തിനും സമീപിക്കാന്‍ കഴിയുന്നവരാണെന്ന തെറ്റിദ്ധാരണയുണ്ട്. അവരും മനുഷ്യരാണെന്നും അവര്‍ക്കും വേദനയുണ്ടാവുമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളുകളാണ്. അത് ചികിത്സ വേണ്ട രോഗമാണ്. അവർ കളിപ്പാട്ടങ്ങളാണ് എന്ന ധാരണ കളയണം.'- ക്രിസ് പറഞ്ഞു.