കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന ഖ്യാതി ഇനി എമ്പുരാന് സ്വന്തം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞവർഷം മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കിയ നേട്ടമാണ് എമ്പുരാൻ പഴങ്കഥയാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും പത്ത് ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതിയത്.
'മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ലാദനിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്'. അണിയറപ്രവർത്തകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് പുതിയ നേട്ടത്തേക്കുറിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചത്.
ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞദിവസം അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറഞ്ഞു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്. ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ 250 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ട്.