കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. സമരാനുകൂലികളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലെ കടകൾ നിർബന്ധിച്ച് അടപ്പിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷം പൊട്ടിപുറപ്പെട്ടു.
പൊലീസും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ അടക്കം വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചു. സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സമരാനുകൂലികൾ കടകൾ അടപ്പിച്ചു. ജനങ്ങൾ ഹർത്താലുമായി സഹകരിച്ചെങ്കിലും സിപിഎം അനുഭാവമുള്ള പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.