ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ കൂടിക്കാഴ്ച്ച നടത്തി. 'ജിദ്ദയില്‍ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ഏറെ പ്രചോദനകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായതിന്റെ അഭിമാനവും സാധ്യതകളുമാണ് തിരിച്ചറിയുന്നത്. ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് സൗദി അറേബ്യയും, യുഎഇയും പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുളള ഇടപെടലുകള്‍ ശക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും വന്ന് പിതാവ് ഡോ. ആസാദ് മൂപ്പന്‍ ജിസിസിയില്‍ സ്ഥാപിച്ച ആസ്റ്റര്‍ ശൃംഖലയുടെ വളര്‍ച്ച നോക്കികാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. സമാധാനം, സമൃദ്ധി, ആഗോള സഹകരണം എന്നിവയില്‍ പ്രധാന മന്ത്രി പ്രകടിപ്പിക്കുന്ന ഊന്നല്‍ ഞങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെയും ഈ മേഖലയിലെയും വളര്‍ന്നു വരുന്ന ആരോഗ്യ പരിചരണ മേഖലക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ മേഖല, നവീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ പ്രത്യേകിച്ചും ആഗോള തലത്തിലെ ആശവിനിമയത്തില്‍ ഇന്ത്യയുടെ വളരുന്ന പ്രാധാന്യം ഈ സന്ദര്‍ശനം വീണ്ടും ഊട്ടിയുറപ്പിക്കുന്നു.' അദ്ദേഹം പറഞ്ഞു.