തിരുവനന്തപുരം: ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മൺസൂൺ കാലയളവിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുവെന്നും ശിവൻ കുട്ടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം? എന്നീ വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തണമെന്നും ക്രിയാത്മക ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.