BREAKING NEWS
dateTHU 12 DEC, 2024, 1:19 PM IST
dateTHU 12 DEC, 2024, 1:19 PM IST
back
Homeentertainment
entertainment
SREELAKSHMI
Tue Dec 10, 2024 08:33 AM IST
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍. കരുണിന്
NewsImage

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 70-ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

1988-ല്‍ സംവിധാനം ചെയ്ത 'പിറവി'യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. 40-ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ. കരുൺ.

ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്', പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചയും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE