മംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) വിതരണം ചെയ്യുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ വ്യാഴാഴ്ച മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ.എം.എഫിന്റെയും കർഷക സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണിത്.
ഈ മാസം 30 ന് കർണാടകയിലുടനീളം ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുമ്പാണ് കുത്തനെയുള്ള വർധനവ്. ഈ വർധന ഹോട്ടലുകളിലും മധുരപലഹാര കടകളിലും കാപ്പി, ചായ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ പ്രതിഫലിക്കുമെന്ന് മംഗളൂരുവിൽ ഈ മേഖലയിലെ വ്യാപാരികൾ പറഞ്ഞു. മെട്രോ, ആർ.ടി.സി ബസ് ചാർജ് വർധന വൈദ്യുതി നിരക്ക് പരിഷ്കരണം, ടോൾ നിരക്ക് വർധന തുടങ്ങിയവക്ക് പിന്നാലെയാണ് പാലിനും വിലക്കയറ്റം. ഇതും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും.