കൽപറ്റ: വയനാട്ടിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈക്ക് സമീപം വെള്ളരിമലയിൽ മണ്ണിടിച്ചിലെന്ന് സംശയം. കഴിഞ്ഞ രാത്രി കനത്ത മഴയാണ് മുണ്ടക്കൈയിലും സമീപ പ്രദേശത്തുമുണ്ടായത്. പുന്നപ്പുഴയിൽ ബെയിലി പാലത്തിനു സമീപം വലിയ കുത്തൊഴുക്കാണ്. കല്ലുകളും മരങ്ങളും പുഴയിലൂടെ ഒലിച്ചുവരുന്നുണ്ട്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഉരുൾപൊട്ടലിന്റെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണും മറ്റ് അവശിഷ്ടങ്ങളും കുത്തിയൊഴുകുന്നതാണോ എന്നും സംശയമുണ്ട്. ആൾപ്പാർപ്പില്ലാത്ത മേഖലയായതിനാൽ മറ്റ് അപകടങ്ങൾക്ക് സാധ്യതയില്ല. തൊഴിലാഴികളെ ഉൾപ്പെടെ തിരികെ വിളിച്ചിട്ടുണ്ട്.