കോട്ടയം: അടുക്കളയെ പ്രതിസന്ധിയിലാക്കി വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു. ഒരു മാസത്തിനിടെ പൊതുവിപണിയിൽ 40-50 രൂപവരെയാണ് വർധന. ചില്ലറ വിപണിയിൽ കിലോക്ക് 280 മുതൽ 320 രൂപ വരെയായി വില ഉയർന്നു. പാക്കറ്റ് വെളിച്ചെണ്ണക്കും വില വൻതോതിൽ കൂടി. ഒരു ലിറ്റർ പാക്കറ്റ് വെളിച്ചെണ്ണക്ക് 270-290 രൂപയാണ് വില. സർക്കാർ സ്ഥാപനമായ കേര ഫെഡും നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2018ലാണ് വെളിച്ചെണ്ണക്ക് വലിയ രീതിയിൽ വില ഉയർന്നത്.
കൊപ്ര ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മൺസൂണിൽ മഴ കുറഞ്ഞത് തമിഴ്നാട്ടിലും കർണാടകത്തിലും തേങ്ങ ഉൽപാദനത്തെ ബാധിച്ചിരുന്നു. വിവിധ കാരണങ്ങളാൽ കേരളത്തിലും ഉൽപാദനം വലിയതോതിൽ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം ഒരു കിലോ തേങ്ങയുടെ വില 80 രൂപയും കടന്നതോടെ തേങ്ങ അരച്ച കറിയും തേങ്ങാച്ചമ്മന്തിയും വെളിച്ചെണ്ണ വിഭവങ്ങളും അടുക്കളയില്‍നിന്ന് ഔട്ടായിക്കൊണ്ടിരിക്കുകയാണ്.തേങ്ങയും വെളിച്ചെണ്ണയും വേണ്ടാത്ത സാമ്പാര്പോലുള്ള കറികളിലേക്ക് ഏറെപ്പേരും മാറുകയാണ്. പപ്പടവും ഒഴിവായി. ദോശക്കും ഇഡ്ഡലിക്കും തേങ്ങ ചമ്മന്തിയില്ലാത്ത സ്ഥിതിയുമാണ് പലയിടത്തും.