പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ നല്‍കിയില്ല എന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ അതൃപ്തി അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തെയാണെന്നും അതില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വത്തില്‍ ഉള്ളവരാണെന്നും രാഹുല്‍ പറഞ്ഞു.
'നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്, അവിടെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട്,' രാഹുല്‍ പറഞ്ഞു.
'പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു, ഭവന സന്ദര്‍ശനത്തിന് കൂടെവന്നിരുന്നു. പാലക്കാട് നടന്ന കണ്‍വെന്‍ഷനിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നത്.രാഹുല്‍ പറഞ്ഞു.