കൊയിലാണ്ടി : വനിത എ എസ് ഐയെക്കൊണ്ട് യുവാക്കൾ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉണ്ടായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. എ.എസ്.ഐ ജമീലയും സംഘവും സ്ഥലത്തെത്തി. സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന രണ്ട് യുവാക്കളോട് അവിടെ നിന്ന് പോകാൻ എ എസ് ഐ ആവശ്യപ്പെട്ടു. ഇവിടെ നിന്നാൽ എന്തുചെയ്യുമെന്ന് ചോദിച്ച് യുവാക്കൾ ദേഷ്യപ്പെട്ടു. എഎസ്‌ഐ നിലപാട് കടുപ്പിച്ചതോടെ അവിടെ നിന്ന് പോയ യുവാക്കൾ വീണ്ടും സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപെട്ടു. അത് ചോദ്യം ചെയ്തതോടെ യുവാക്കൾ മറ്റൊരാളെയും കൂട്ടി വന്ന് എ എസ് ഐ തങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് ദേഷ്യപ്പെട്ടു. തങ്ങൾ കഞ്ചാവ് വിൽപ്പനക്കാരാണെന്ന തരത്തിൽ സംസാരിച്ചുവെന്നും ആരോപിച്ചു. എ എസ് ഐ മാപ്പ് പറയണമെന്നും യുവാക്കൾ വാശിപിടിച്ചു.
ഇതെല്ലാം കേട്ട് നാട്ടുകാർ കൂടിയതോടെ പ്രശ്നം പരിഹരിക്കാനായി എഎസ്‌ഐ മാപ്പ് പറഞ്ഞു. ഇനിയാരോടെങ്കിലും മാപ്പ് പറയേണ്ടതുണ്ടോയെന്ന് എ എസ്‌ഐ ചോദിക്കുന്നതും യുവാക്കളുടെ ഭാവിയെ കരുതിയാണ് പരാതി നൽകാതിരിക്കുന്നതെന്നും എഎസ്‌ഐ പറയുന്നത് വീഡിയോയിലുണ്ട്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.