കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ ഭക്ഷ്യവകുപ്പിന്റെ പരിശോധന. കോർപ്പറേഷന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് അഴുകിയ ഇറച്ചിയും ചീമുട്ടയും അടക്കം കണ്ടെത്തി. എറണാകുളം കടവന്ത്രയിലാണ് വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനമുള്ളത്.
സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയിൽ നേരത്തെ പരിശോധന നടന്നിരുന്നു. അന്ന് കോർപ്പറേഷൻ അധികൃതർ പിഴ ചുമത്തുകയായിരുന്നു. കോർപ്പറേഷൻ ലൈസൻസ് എടുക്കുന്നതിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നുവെന്നാണ് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. എന്നാൽ ഇതുവരെ ലൈസൻസ് എടുത്തിട്ടില്ല.
ഈ സ്ഥാപനം ആരുടേതാണെന്നത് സംബന്ധിച്ച് കോർപ്പറേഷന് വ്യക്തതയില്ല.കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നും രൂക്ഷഗന്ധം ഉൾപ്പടെ ഉയരാറുണ്ട്. വീണ്ടും സമീപവാസികൾ പരാതിപ്പെട്ടതോടെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ മാംസം അടക്കമുള്ളവ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്.സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഈ സ്ഥാപനം ആരംഭിച്ചതെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനുകളിൽ അടക്കം ഭക്ഷണം വിതരണം ചെയ്യുന്ന പായ്ക്കറ്റുകൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.