വടകര : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചോറോട് പെരുവാട്ടം താഴയിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന സർവീസ് റോഡ് ഉടൻ റീ-ടാർ ചെയ്യണമെന്ന് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ തകർന്നു കിടക്കുന്ന സർവീസ് റോഡിൽ ഗതാഗതം ദുഷ്കരമാകുന്നത് മേഖലയിൽ വൻ ട്രാഫിക് ബ്ലോക്കിനും അപകടത്തിനും കാരണമാകുന്നുണ്ട്. റോഡിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങൾ ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപകടം ഉണ്ടാക്കുന്നുണ്ട്. തകർന്ന സ്ഥലങ്ങളിൽ ക്വാറി വേസ്റ്റ് ഇടുന്നത് മൂലം പൊടി ശല്യവും കൂടുതലാണ്. കണ്ണൂർ ഭാഗത്തുനിന്ന് പഴയ സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ പെരുവട്ടം താഴ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ടത്. ആ ഭാഗത്തും കുഴികൾ രൂപപ്പെട്ടത് മൂലം ഗതാഗത കുരുക്കിനും അപകടത്തിനും ഇടയാക്കുന്നുണ്ട്.
മാത്രമല്ല പെരുവാട്ടം താഴ ജംഗ്ഷനിൽ കിഴക്കുഭാഗത്തായി പ്രവർത്തിക്കുന്ന വാഗഡ് കമ്പനിയുടെ കോൺഗ്രീറ്റ് മിക്സിങ് സ്ഥലത്ത് നിന്ന് വരുന്ന വെള്ളം റോഡിൽ ഒഴുക്കുന്നതും റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമാകുന്നുണ്ട്. ഇതിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ.എ, ബിന്ദു വാഴയിൽ, ബാലകൃഷ്ണൻ ചെനേങ്കിയിൽ, ഷാജി.ഐ, രാജൻ കുഴിച്ചാലിൽ, ശിവകുമാർ പി. കെ, പ്രഭാകരൻ. ഇ. കെ, സുകുമാരൻ ബാലവാടി, കെ.കെ മോഹൻദാസ്, ഗോകുൽദാസ്, ബാലകൃഷ്ണൻ. എ, വിനോദൻ കൂടത്തിൽ, നജീബ് ചോറോട്, ശ്രീനിവാസൻ കുരിക്കിലാട് തുടങ്ങിയവർ സംസാരിച്ചു.