തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എം.എൽ.എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. എട്ട് പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ ആണ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ്,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.