കോഴിക്കോട്: റാഗിങ് കർശനമായി തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ടുനൽകാൻ ഉന്നതതലസമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് സ്കൂൾവിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ ക്ലാർക്ക് കുറ്റക്കാരനാണെന്ന് കണ്ടതിനെത്തുടർന്ന് അയാൾക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്.എറണാകുളം ഗ്ലോബൽ സ്കൂളിലെ വിദ്യാർഥി മെഹർ ജീവനൊടുക്കിയ സംഭവത്തിലും സ്കൂൾ മാനേജ്‌മെന്റ് മറുപടി നൽകിയിട്ടുണ്ട്. റാഗിങ് റിപ്പോർട്ടുചെയ്തിട്ടും ചില അൺ എയ്ഡഡ്, എയ്ഡഡ് സ്കൂളുകൾ നടപടിയെടുക്കാതിരിക്കുന്നുണ്ട്.ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ സർക്കാർ തക്കനടപടി സ്വീകരിക്കും. ചില പ്രധാനാധ്യാപകരും കണ്ടില്ലെന്ന് നടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനായി സമഗ്ര ഗുണമേന്മാപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.