കല്പറ്റ: തനി വയനാട്ടുകാരിയാവാൻ മലയാളം പഠിക്കാനൊരുങ്ങുകയാണ് പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തിയത് മുതൽ ഓരോദിവസവും യു.ഡി.എഫ്. പ്രവർത്തകരോട് സംസാരിച്ചു ഒരു മലയാളം വാക്കെങ്കിലും പഠിക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് മലയാളം പഠിക്കാൻ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം നെഹ്‌റു കുടുംബത്തോട് അടുത്തുനിൽക്കുന്ന തലമുതിർന്ന നേതാവ് തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്.
ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും തരുന്ന നിവേദനങ്ങൾ വായിക്കുമ്പോൾ പ്രാഥമികമായി മനസ്സിലാക്കാനും സാധിക്കുന്നരീതിയിൽ മലയാളം പഠിക്കാനാണ് താത്പര്യമെടുക്കുന്നത്. ഹിന്ദി, ഇംഗ്ളീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ പ്രിയങ്കയ്ക്ക് വഴങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദർശിച്ചപ്പോൾ ഫ്രഞ്ചിലും ഇറ്റാലിയനിലുമാണ് വൈദികരോട് സംസാരിച്ചത്. തമിഴും ഏറെക്കുറെ പറയാൻ സാധിക്കും.