ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'എക്സ്' ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ പണിമുടക്കിയതായി റിപ്പോർട്ട്. എക്സ് ഉപയോക്താക്കൾക്ക് പേജ് ലോഡ് ചെയ്യാനും പോസ്റ്റു ചെയ്യാനും കഴിയുന്നില്ലെന്നാണ് ഓൺലൈൻ സേവനങ്ങൾ നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകൾ ആഗോള തലത്തിൽ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഡൗൺ ഡിറ്റക്ടറിന്റെ റിപ്പോർട്ട്.
യു.കെ, യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പ്രധാന രാജ്യങ്ങളിലാണ് തിങ്കളാഴ്ച പലവട്ടം തടസ്സം നേരിട്ടത്. ലോകമെമ്പാടുമുള്ള 40000ത്തിലധികം ഉപയോക്താക്കൾ സേവനത്തിലുണ്ടായ തടസ്സം സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ സാധിക്കാത്തതാണ് പ്രശ്നം. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് പ്രശ്നം രൂക്ഷമായത്. 2200 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. പിന്നീട് രാത്രി ഏഴ് മണിയോടെ 1500 പരാതികളും രജിസ്റ്റർ ചെയ്യപ്പെട്ടു.
52 ശതമാനം പ്രശ്നങ്ങളും വെബ്സൈറ്റുമായി ബന്ധപ്പെട്ടുള്ളതാണെന്നും 41 ശതമാനം ആപ്പുമായും എട്ട് ശതമാനം സെർവ്വർ കണക്ഷൻ പ്രശ്നങ്ങളും ആണെന്നാണ് ഡൗൺഡിക്റ്റക്ടർ റിപ്പോർട്ട്. ചിലയിടങ്ങളിൽ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. ഇതിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.