മുക്കം(കോഴിക്കോട്): തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ച നിലയിൽ. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പിസി തിയറ്ററിന്‍റെ പാരപ്പെറ്റിൽനിന്നു വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നു രാവിലെ തിയറ്ററിലെ ശുചീകരണ ജീവനക്കാർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കോമളനെ കണ്ടെത്തിയത്. മരിച്ച കോമളന്‍റെ ഭാര്യ നിമിഷ ഇതേ തിയറ്ററിൽ ശുചീകരണ വിഭാഗം തൊഴിലാളിയാണ്.
കോമളൻ ചിലപ്പോഴൊക്കെ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടക്കാറുണ്ടായിരുന്നത്. ഇവിടെ കിടക്കരുതെന്ന് കോമളനോടു പലപ്പോഴും പറഞ്ഞിരുന്നതായും തിയറ്റർ മാനേജർ പറഞ്ഞു. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണു സൂചന. മൃതദേഹം പൊലീസെത്തി സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് മുക്കം പൊലീസ് അറിയിച്ചു.